Sunday, May 6, 2018

ഏറ്റവും
ദൂരേയ്ക്ക്

ആരും
കാണാതെ

എന്നെയും കൂട്ടി..

നീയല്ലാതെ
മറ്റാരെൻ പ്രണയമേ..
ഓടിപ്പോകുന്നു
കൂടെക്കൂടെ..

Wednesday, May 3, 2017

ആർദ്രം


പ്രണയമേ..

ഞാൻ കാണുന്നതെല്ലാം
നിന്നോട്
ചേർത്തു കാണുന്നു..

നിന്റെ കണ്ണു പോലുള്ള
പൂവുകൾ..

നിന്റെ ചുണ്ടുപോലുള്ള
ഇതളുകൾ..

നിന്റെ
വിരലുകൾ പോലെ
അതിന്റെ തണ്ടുകൾ..


        * * *

ഒറ്റമരം
ഒരു കാടാകും പോലെ
ഒറ്റയ്ക്കു നിൽക്കുന്ന പൂവ്
ഒരു പൂക്കാലമാകുന്നു..

Sunday, August 28, 2016

പ്രണയം


മാറ്റി വയ്ക്കുന്നുണ്ട്‌
ഓർമ്മ,
നാളെ നാളെ എന്ന്
നിന്നെ ..!

Thursday, May 5, 2016

ഒറ്റയ്ക്ക് നടക്കാൻ പോവേണ്ടുന്ന ഇടങ്ങൾ:

പ്രണയത്തിന്റെ
വരികൾ
കൈവിട്ടു പോകുന്ന നേരം

അനേകരിൽ എകയായ്
കാറ്റുപോ, ലലഞ്ഞ്

ഇരുട്ടിൽ
വെളിച്ചത്തിൽ

ഒറ്റയ്ക്ക്
നിശബ്ദയായ്
കടലും
കടൽക്കരയും
കാണുക

മഴ പച്ചപിടിപ്പിച്ച
മതിലിനിപ്പുറം
തലതാഴ്ത്തി
ഒതുങ്ങി

ചാറ്റൽമഴകൊണ്ട്
കാടിന്റെ ഓരത്തെ
സിമന്റ് ബെഞ്ചിൽ
അറ്റത്ത്

പൂവാകയുടെ
ചുവന്ന തണലിൽ

കടൽപ്പാലത്തിനുമേൽ
കുടക്കീഴിൽ

തണുപ്പുള്ള
മഞ്ചാടിത്തണലിൽ

ഏകാന്ത ദ്വീപുകളിൽ

അറിയുന്നവർ ആരുമില്ലാത്ത
തിരക്കുള്ള
തെരുവുവഴികളിൽ

ഒറ്റയാകാനിഷ്ടമില്ലാതിരുന്ന,
നിലാവിൽ
മഞ്ഞിൽ
കാറ്റിൽ
വെയിലിൽ
മഴയിൽ..

നമ്മളൊരുമിച്ചലഞ്ഞ്
ഉൻമാദിച്ച
കാൽപ്പനികതയിലെല്ലാം

ഒറ്റയ്ക്ക് ..

Thursday, June 27, 2013

മഴയോർമ്മ
പ്രിയനേ..

ഇടവപ്പാതിയിൽ
പൊള്ളുന്ന ചുണ്ടിനാൽ
നീ തന്ന
പനിയുമ്മകൾ..

Sunday, May 19, 2013

താരയും അമ്മയുംകടുവയുടെ പിടിയിൽ നിന്നും ഓടി ഒരു ഗുഹയിൽ കയറി അമ്മപ്പശു. കടുവ പിറകെ എത്തി. വിശന്നു വലഞ്ഞു നില്ക്കുന്ന കടുവ പശുവിനെ കൊല്ലാൻ ആയുന്നു. അമ്മപ്പശു വിഷമത്തോടെ, വളരെ ശാന്തതയോടെ പറഞ്ഞു..''നില്ക്കൂ..കൊല്ലുന്നതിനു മുന്പ് ദയവായി ഞാൻ പറയുന്നത് ഒന്ന് കേൾക്കൂ.. എനിക്ക് ഒരു മകളുണ്ട്. അവള്ക്ക് ആരോഗ്യത്തോടെ വളരാൻ എന്റെ പാൽ ആവശ്യമാണ്. ഒരു ദിവസം കൂടി അവളെ പാലൂട്ടിയിട്ട് ഞാൻ തിരികെ വരാം. ഇന്നെന്നെ പോകാൻ അനുവദിയ്ക്കു.." കടുവ ആദ്യമൊന്നും സമ്മതിച്ചില്ല. അമ്മപ്പശു കേണപേക്ഷിച്ചു. ''ശ്രീകൃഷ്ണന്റെ നാട്ടിൽ ജീവിയ്ക്കുന്ന ഞാൻ ഒരിയ്ക്കലും പറഞ്ഞ വാക്ക് പാലിയ്ക്കാതിരിയ്ക്കില്ല''. പിറ്റേന്ന് രാവിലെ തിരികെ എത്താം എന്ന ഉറപ്പിന്മേൽ കടുവ  അവളെ വിട്ടയയ്ക്കുന്നു. വാക്ക് പാലിച്ചില്ലെങ്കിൽ നിന്നെയും നിന്റെ മകളെയും കൊന്നു തിന്നും എന്ന് പറയുന്നു കടുവ.

ഇരുട്ടിൽ തിരികെ എത്തുന്ന അമ്മപ്പശുവിന്റെ അരികിലേയ്ക്ക്, മകൾ താര ഓടി എത്തുന്നു.അമ്മ അവളെ നക്കിയും ഉരുംമിയും സ്നേഹം പ്രകടിപ്പിയ്ക്കവേ, താര  പറയുന്നു..അമ്മയെ കാണാതെ ഞാൻ വിഷമിച്ചു.. തിരിച്ചു വരാൻ പ്രാർത്ഥിച്ചു .അമ്മ വന്നു..'' അമ്മപ്പശുവിന്റെ കണ്ണുകള നിറഞ്ഞു തുളുമ്പി.. കാര്യങ്ങൾ പറഞ്ഞ്, മറ്റു പശുക്കളോട് ഈ അനാഥക്കുട്ടിയെ നോക്കാൻ ഏല്പ്പിച് അമ്മപ്പശു തിരികെ പോകുന്നു.. താര കരഞ്ഞുകൊണ്ട് പുറകെ ഓടുന്നു..''അമ്മ ഇല്ലാതെ എനിക്ക് ജീവിക്കാൻ വയ്യ,,'' എന്ന് കരഞ്ഞു പറയുന്നു.

................കണ്ണ് നിറഞ്ഞപ്പോൾ മെല്ലെ ഞാൻ ശങ്കൂനെ നോക്കി. അപ്പൊ രണ്ടു കണ്ണും നിറഞ്ഞു അവനെന്നെ നോക്കുന്നു..എന്നിട്ട് പറഞ്ഞു..'' അമ്മെ എനിക്ക് സങ്കടം വന്നിട്ട് വയ്യ.. കരച്ചില്  വരുന്നു '' ശങ്കു കണ്ണ് തുടച്ചു..

കഥാന്ത്യം...

ശ്രീകൃഷ്ണൻ താരയെയം അവളുടെ അമ്മയെയും രക്ഷിക്കുന്നു..

അപ്പോൾ ശങ്കു ഒരുമ്മ തന്നിട്ട് പറഞ്ഞു..''ഹാവൂ..അമ്മേ..സമാധാനമായി ..!"

Thursday, September 27, 2012

ഡിണ്ടനും ഡിണ്ടിയും:


ഒരു വല്യ കാട്ടില്‍ ഒരു കരടി അച്ഛനും കരടി അമ്മയും ഉണ്ടായിരുന്നു. അവരുടെ മക്കളായിരുന്നു ഡിണ്ടനും ഡിണ്ടിയും. ഡിണ്ടി നല്ല അനുസരണയുള്ള കുട്ടി ആണെങ്കിലും  ഡിണ്ടന്‍ മഹാ അനുസരണം കെട്ടവന്‍ ആയിരുന്നു.  ഒറ്റയ്ക്ക് കാട്ടില്‍ പോവരുത്  എന്ന് അച്ഛനും അമ്മയും പറഞ്ഞാല്‍ അവന്‍ ഒന്നും മിണ്ടില്ല. കാട്ടില്‍ ഒറ്റയ്ക്ക് പോകാന്‍ അവന്‍ പരിപാടിയിട്ടു. ഡിണ്ടി എത്ര പറഞ്ഞാലും അവന്‍ കേള്‍ക്കില്ല.
ഒരുദിവസം കരടി അച്ഛനും കരടി അമ്മയും തേന്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി.  ഡിണ്ടനും ഡിണ്ടിയും അപ്പോള്‍ ഉറങ്ങുകയായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഡിണ്ടി എഴുന്നേറ്റു. അവള്‍ വേഗം പല്ലുതേച്ച് പാവക്കുട്ടിയെ എടുത്ത് കളിക്കാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ ഡിണ്ടനും എഴുന്നേറ്റു. പല്ലുതേയ്ക്കാന്‍ കൂട്ടാക്കാതെ ഡിണ്ടന്‍ ഡിണ്ടിയുടെ പാവക്കുട്ടിയെ തട്ടിപ്പറിച് ഓടാന്‍ തുടങ്ങി. ഡിണ്ടി കരഞ്ഞുകൊണ്ട് പിറകെ ഓടി.
അച്ഛനും അമ്മയും കാട്ടില്‍ പോയി എന്നറിഞ്ഞപ്പോള്‍  ഡിണ്ടനും കാട്ടില്‍ പോവാന്‍ ഇറങ്ങി. ഡിണ്ടി കരഞ്ഞു പറഞ്ഞു പോവണ്ട എന്ന്. ഡിണ്ടനുണ്ടോ കേള്‍ക്കുന്നു! ''നീ പോടീ ഡിണ്ടി..പേടി ഉണ്ടെങ്കില്‍ നീ വരണ്ട. വേണമെങ്കില്‍ നിനക്ക് ഞാന്‍ തേന്‍ കൊണ്ടുത്തരാം''..എന്നും പറഞ്ഞ് ഡിണ്ടന്‍ ഒറ്റപ്പോക്ക്! ഡിണ്ടി ഇതുകണ്ട് കരച്ചിലോടു കരച്ചില്‍.
അങ്ങനെ ഡിണ്ടന്‍ കാട്ടിലെത്തി. കുളത്തില്‍ നിന്നും വെള്ളം കുടിച്ചു. പിന്നേം കാണുന്ന വഴിയിലൂടെ എല്ലാം ഉഷാറായി നടന്നു. അങ്ങനെ പോയിപ്പോയി അവനു വിശക്കാന്‍ തുടങ്ങി. മുന്നിലെ വല്യ മരത്തിനു താഴെ ഇരുന്നു. മേലേയ്ക് നോക്കിയപ്പോള്‍ അമ്പടാ.. അതാ ഒരു വല്യ തേനീച്ചക്കൂട്! നിറയെ തേനീച്ചകള്‍! അവന്‍ വേഗം മരത്തിനു മേലേയ്ക് വലിഞ്ഞു കേറാന്‍ തുടങ്ങി.
ആ സമയത്താണ് കൌശലക്കാരനായ ഒരു കുറുക്കന്‍ അതുവഴി വന്നത്. അവന്‍ മരം കയറുന്ന ഡിണ്ടനെ കണ്ടപ്പോള്‍, തിരിച്ചിറങ്ങുമ്പോള്‍ പിടിക്കാം എന്ന് കരുതി  പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു. കുറച്ച് കയറിയപ്പോള്‍ തന്നെ ഡിണ്ടന്റെ പൂതി മാറി. കയ്യും കാലും വേദനിച്ചു. പുളിയുറുമ്പ് കടിച്ചു. എങ്ങനെയൊക്കെയോ ഊര്‍ന്നിറങ്ങിയപ്പോള്‍ പലയിടത്തും ഉരഞ്ഞു തോലും പോയി. ഒരുവിധത്തില്‍ താഴെ എത്തിയ ഡിണ്ടന്‍ അടുത്തുള്ള അരുവിയില്‍ നിന്നും കുറച്ച് വെള്ളം കുടിച്ചു. ഇനി ഏതായാലും തിരികെ വീട്ടില്‍ പോകാം എന്ന് വിചാരിച്ച് തിരിച്ചു നടന്നപ്പോളല്ലേ അക്കിടി മനസ്സിലായത്..വഴി ഒക്കെ മറന്നു! അവനു കരച്ചില്‍ വരാന്‍ തുടങ്ങി. ഏതൊക്കെയോ വഴികളിലൂടെ അവന്‍ തിരികെ നടക്കാന്‍ തുടങ്ങി.
പൊന്തക്കാട്ടിനുള്ളില്‍ ഡിണ്ടനെയും നോക്കി ഇരിക്കുകയായിരുന്ന കൌശലക്കാരനായ കുറുക്കന്‍, പൊന്തക്കാടുകളുടെ മറപറ്റി മെല്ലെ ഡിണ്ടന്‍റെ പുറകെ പോവാന്‍ തുടങ്ങി.
അപ്പോളാണ് ഡിണ്ടന്‍റെ വീടിന്റെ മേലെയുള്ള മരത്തില്‍ താമസിക്കുന്ന കാക്കച്ചി ആ വഴി പറന്നു വന്നത്. കരഞ്ഞു കൊണ്ട് പോകുന്ന ഡിണ്ടനെ കണ്ടപ്പോള്‍ കാക്കച്ചിക്ക് എന്തോ പന്തികേട്‌ തോന്നി. അപ്പോളാണ് പുറകെ പോകുന്ന കുറുക്കനെ കണ്ടത്. കാര്യം അപകടമാണ് എന്ന് മനസ്സിലാക്കിയ കാക്കച്ചി വേഗം തന്നെ തിരിച്ചു പറന്നുപോയി കൂട്ടുകാരനായ കുരങ്ങച്ചനെ കണ്ട്‌ കാര്യം പറഞ്ഞു. കാക്കച്ചി മുന്നില്‍ പറന്നു. കുരങ്ങച്ചന്‍ മരത്തിന്മേലെക്കൂടെ ചാടിച്ചാടി വേഗം കാക്കചിയ്ക് പുറകെ പോയി. അവരെത്തുമ്പോള്‍ ഡിണ്ടന്‍ കരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. കുറുക്കനോ, ഡിണ്ടന്‍റെ മേലേയ്ക് ചാടാന്‍ തക്കം പാത്ത് പിന്നാലെ വേഗം വേഗം പോകുന്നു. 'ഒരു കരടിക്കുട്ടിയെ തിന്നിട്ട് എത്ര കാലമായി..'' എന്ന് മനസ്സില്‍ വിചാരിച്ചപ്പോള്‍ തന്നെ കുറുക്കന്റെ വായില്‍ കപ്പലോടിയ്ക്കാന്‍ വെള്ളം!
കുരങ്ങച്ചനും കാക്കച്ചിയും കുറച്ച് നേരം ആലോചിച്ചു. അപ്പോളുണ്ട്  ഡിണ്ടന്‍ ഒരു മരത്തിനു താഴെ തളര്‍ന്നിരിയ്ക്കുന്നു.! കുറുക്കന്‍ ചാടിവീഴാന്‍ നോക്കുംപോളേയ്ക്ക് കാക്കച്ചി ഒരു പുളിയുറുമ്പിന്റെ കൂട് കൊത്തി കുറുക്കന്റെ തലയിലേയ്ക്ക് ഇട്ടു. അയ്യയ്യോ..കുറുക്കന്‍ ഉറുമ്പിന്റെ കടിയേറ്റ് ഓടെടാ ഓട്ടം. അപ്പോള്‍ കുരങ്ങന്‍ തെനീച്ചക്കൂടുള്ള ഒരു മരക്കൊമ്പ് ഒറ്റക്കുലുക്കല്‍! എന്നിട്ട് മരംചാടിച്ചാടി ദൂരേയ്ക്ക് പോയി. ഉറുമ്പുകടിയേറ്റ് ഓടുന്ന കുറുക്കന്  നേരെ ആയി തേനീച്ചകളുടെ ദേഷ്യം തീര്‍ക്കല്‍. കുറുക്കന്‍ ഓടി പുഴയില്‍ച്ചാടി അപ്പോളേയ്ക്കും കാക്കച്ചി ഡിണ്ടനോട് പുറകെ വരാന്‍ പറഞ്ഞ്, മുന്നേ പറക്കാന്‍ തുടങ്ങിയിരുന്നു. കുരങ്ങച്ചനും അവരോടൊപ്പം എത്തി. ഡിണ്ടന് അവര്‍ കുറേ മധുരമുള്ള പഴങ്ങള്‍ പറിച്ച് തിന്നാന്‍ കൊടുത്തു. വിശന്നു കണ്ണു കാണാതായ ഡിണ്ടന്‍ അതെല്ലാം കറു മുറു എന്ന് വേഗം വേഗം തിന്നു. അല്പം വിശ്രമിച്ച് അവര്‍ ഡിണ്ടന്‍റെ വീട് ലക്ഷ്യമാക്കി വേഗം പോയി.
ഡിണ്ടന്‍ കാട്ടില്‍ പോയ വിവരമറിഞ്ഞ് ഡിണ്ടന്‍റെ അച്ഛനും അമ്മയും വല്ലാതെ വിഷമിച്ചു. അമ്മയും ഡിണ്ടിയുമെല്ലാം കരയാന്‍ തുടങ്ങി. അടുത്തടുത്ത് താമസിക്കുന്നവരെല്ലാം അങ്ങോട്ടു വന്നു. അവരെല്ലാം  'ഇനി ഈ കൊടും കാട്ടില്‍ എവിടെയാണ് പോയി തപ്പുക, ആ അനുസരണ ഇല്ലാത്തവനെ' എന്ന്  വിഷമിച്ചും വെവലാതിപ്പെട്ടും നില്‍ക്കുമ്പോളാണ് ദൂരെ നിന്നും മൂന്നുപേര്‍ വരുന്നത് അവര്‍ കണ്ടത്. അവരില്‍ ഒരാള്‍ ഡിണ്ടനാണ് എന്ന് മനസ്സിലായപ്പോള്‍ അവര്‍ക്കെല്ലാം ആശ്വാസമായി.
കാക്കച്ചിയും കുരങ്ങച്ചനും കൂടി ഉണ്ടായതെല്ലാം വിവരിച്ചു. ഡിണ്ടന്‍ മിണ്ടാതെ തലയും താഴ്ത്തി അങ്ങനെ നിന്നു. ഡിണ്ടന്‍റെ അച്ഛനും അമ്മയും വല്യമ്മയും വല്യച്ചനുമെല്ലാം ഡിണ്ടനെ നല്ല ചീത്ത പറഞ്ഞു. മേലാല്‍ ഇങ്ങനത്തെ കുരുത്തക്കേടുകള്‍ ചെയ്യരുത്, എപ്പോളും രക്ഷിക്കാന്‍ കാക്കച്ചിയോ കുരങ്ങച്ചനോ ഉണ്ടാകില്ല എന്നൊക്കെ അവര്‍ പറഞ്ഞു. ഡിണ്ടന്‍ കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചു. ഇനി അങ്ങനെ ഒന്നും തന്നെ ഉണ്ടാകില്ല, നല്ല കുട്ടി ആയിരിക്കും എന്ന് സത്യം ചെയ്തു. ഡിണ്ടന്‍റെ അമ്മ വേഗം തന്നെ അവര്‍ക്കെല്ലാവര്‍ക്കും ഇലയില്‍ തേന്‍ കൊടുത്തു.
കാക്കചിയ്ക്കും കുരങ്ങച്ചനും നല്ലൊരു സദ്യയും പായസവും ഉണ്ടാക്കിക്കൊടുത്തു. തങ്ങളുടെ മകനെ രക്ഷിച്ചതിന് ഡിണ്ടന്റെയും ഡിണ്ടിയുടെയും അച്ഛനും അമ്മയും കാക്കച്ചിയോടും കുരങ്ങച്ചനോടും നന്ദി പറഞ്ഞു.
പിന്നീട് ഡിണ്ടന്‍ ഒരിക്കലും അനുസരണക്കേട്   കാട്ടിയില്ല.  അവരെല്ലാം സുഖമായി ജീവിച്ചു.
:) 

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..