Thursday, December 30, 2010

സ്വപ്നംനഷ്ടപ്പെടുമ്പോള്‍
നരകങ്ങള്‍ മാത്രം
ശേഷിപ്പിക്കുന്ന ഒരു
സ്വര്‍ഗ്ഗം!

Wednesday, December 29, 2010

സഹ്യം അസഹ്യം എന്നിങ്ങനെ

ഇഷ്ടത്തിന്റെ
ഒറ്റ മരത്തണലിലാവാം
ജീവിതത്തിന്റെ പച്ച,
മഴകളുടെ ഓര്‍മ്മ പെയ്യുന്ന
തണലുകളില്‍.!നാളെ വിരിയാനുള്ള
സൂര്യകാന്തിയുടെ സ്വപ്നഭംഗി
ഇന്നത്തെ ഉറക്കം കെടുത്തും.
സ്വപ്നങ്ങളിലേക്ക്
ഏറിയേറി വരുന്ന ദൂരം
കാത്തിരിപ്പിന്റെ
ക്ഷമ പഠിപ്പിക്കും.
ശരിയാണ്,
ഒറ്റയ്ക്ക് നടക്കുന്നവളെ കണ്ട്‌
നാളെയും ഉറക്കം ഞെട്ടും.

എങ്കിലും,
സ്വപ്നങ്ങളെ സഹിക്കാം;
കിനാവിന്‍ ചിത്രപുസ്തകത്തില്‍
നീയെന്‍ മയില്‍‌പ്പീലിയായ്
ഉറങ്ങുക,
കാലത്തിന്‍ വയിലേല്‍ക്കുകില്‍,മാത്ര-മുണരുക.

* * *

പരസ്പരം പറഞ്ഞില്ലെങ്കിലും
അസഹ്യതകള്‍ എന്നും
അസഹ്യതകള്‍ തന്നെയാണ്!

Monday, December 27, 2010

ഇടം


ഇഷ്ടങ്ങളൊക്കെയും
ദു:സ്വപ്നങ്ങളായ്
കണ്ടുകഴിഞ്ഞവ!

ജീവിതമേ-
ദയവായ് പറയു..
കയറിവരൂ എന്നോ,
ഇറങ്ങി പൊയ്ക്കൊള്ളു
എന്നോ പറയുന്നു
തുറന്നിട്ട വാതിലുകള്‍?

ഇടറി, ഈ
പടിയില്‍ നില്‍ക്കുമ്പോള്‍
അകത്തോ
അതോ പുറത്തോ എന്നിടം?

ഇടയ്ക്കിടെ,
നറും ചൂടായ് മിടിക്കുമീ
കണ്ണുനീര്‍ നനവിനെ
വിശ്വസിക്കെന്നോ
വിശ്വസിക്കല്ലെന്നോ
പറയുന്നു സ്വജീവിതം?

വഴികളേതാണ്?
-വന്നത്‌?
-ഇനി തെളിക്കേണ്ടത്‌?

മനസ്സിലാകുന്നില്ല!
മനസ്സിലാകുന്നേ ഇല്ല!

Friday, December 24, 2010

hmm


തിരക്കാണ് പോലും.
സ്വപ്നം കാണാന്‍ വരെ
നേരമില്ലാത്തത്ര..!!

Monday, December 6, 2010

സ്വപ്നജീവികള്‍ ഉണ്ടാകുന്നത്

'എല്ലാവര്‍ക്കും വേണം;
ആര്‍ക്കും വേണ്ട' എന്ന്

ഒറ്റയാകലിന്റെ
സുഖമുള്ള സങ്കടം.

അപ്പൂപ്പന്‍ താടികള്‍ പാറുന്ന
ഭൂതകാലത്തിനുമേല്‍
വിഡ്ഢി സ്വപ്നങ്ങളുടെ
അസഹ്യ സങ്കടം.

സങ്കടങ്ങള്‍മെനഞ്ഞ്
സ്വപ്നങ്ങള്‍ മാത്രമുള്ള
ഒരു ജീവിയായി
പരിണമിക്കുന്നു.


സ്വപ്നജീവികള്‍
ഉണ്ടാകുന്നത്
ഇങ്ങനെയുമാവാം!

Thursday, December 2, 2010

പട്ടം


ചരടുപൊട്ടിച്ച്
കീറിക്കളഞ്ഞെങ്കിലും
ഏതു കാറ്റാണെന്നെ
നിന്റെ ആകാശങ്ങളില്‍
അലയാന്‍ കൊണ്ടിട്ടത്!!

ഏതു കാന്തമാണ്
ഉന്നം പിഴയ്ക്കാതെ
നിന്നിലേയ്ക്കു മാത്രം
തിരിച്ചിറക്കുന്നത്‌!!

Thursday, November 25, 2010

അകലം

ഒന്നു ധൂര്‍ത്തടിക്കണം..

നിന്നെ കാണുമ്പോള്‍ കാഴ്ച്ചയെ
ഓര്‍ക്കുമ്പോള്‍ സ്വപ്നത്തെ
മിണ്ടുമ്പോള്‍ വാക്കിനെ
കിട്ടുമ്പോള്‍ ജീവിതത്തെ!

പക്ഷെ,
എത്രയായിട്ടും
ഈ അകലത്തെ മാത്രം
എങ്ങനെയും തീര്‍ക്കാന്‍
ആവുന്നേ ഇല്ലല്ലോ!!

Monday, November 22, 2010

നിഴല്‍


എഴുന്നേറ്റത് മുതല്‍..

എണ്ണ തേയ്ക്കുമ്പോള്‍
കുളിക്കുമ്പോള്‍
കുറിതോടുമ്പോള്‍
കാപ്പി കുടിക്കുമ്പോള്‍
സാരി ചുറ്റുമ്പോള്‍
മുടികെട്ടുമ്പോള്‍
ചേച്ചിയുടെ വളയെടുത്ത്
അണിയുമ്പോള്‍
അച്ഛനോട് പൈസ വാങ്ങുമ്പോള്‍
ചോറെടുത്ത് ബാഗില്‍ വയ്ക്കുമ്പോള്‍
കൂട്ടുകാരി വിളിക്കുമ്പോള്‍
'ഇന്നും വൈകിയല്ലോ' എന്ന്
അമ്മ ശാസിക്കുമ്പോള്‍
വീണുപോയ പെന്‍സില്‍ തപ്പുമ്പോള്‍
തുളസിക്കതിര്‍ ചൂടി
നടയിറങ്ങി, വയല്‍വരമ്പിലൂടെ
ഓടുമ്പോള്‍
തോടുകടക്കുമ്പോള്‍
തിരക്കുതാണ്ടി സീറ്റിലെത്തുമ്പോള്‍
ഉണ്ണുമ്പോള്‍
കള്ളക്കണ്‍ നോട്ടത്തെ
കണ്ടില്ലെന്നു നടിക്കുമ്പോള്‍
ചായകുടിക്കുമ്പോള്‍

അഞ്ചു മണിക്ക്
ഇറങ്ങുമ്പോള്‍
തിരക്കില്‍ പരിചയം പുതുക്കുമ്പോള്‍
ഡി സി ബുക്സില്‍ പുസ്തകം നോക്കുമ്പോള്‍
ജീപ്പിലിരിക്കുമ്പോള്‍
വേലിക്കലെ
പുതിയ ചെമ്പരത്തി പൂത്തത്കാണുമ്പോള്‍
വയല്‍ താണ്ടി നട കേറുമ്പോള്‍
തിരികെ വീട്ടിലെത്തുമ്പോള്‍
നായക്കുട്ടി യോട് കുശലം പറയുമ്പോള്‍
പൂച്ചക്കുട്ടി സ്നേഹം കാണിക്കുമ്പോള്‍
കാപ്പി കുടിക്കുമ്പോള്‍
കാല്ക്കഴുകി, വല്യമ്മയോടൊപ്പം വിളക്കുകണ്ട്
ഭസ്മം തൊടുമ്പോള്‍
ദോശ തിന്നുമ്പോള്‍
മാതൃഭൂമി വായിക്കുമ്പോള്‍
ജാലകത്തിലൂടെ ആകാശം നോക്കി
മിണ്ടാതെ നിന്നു മഴ കാണുമ്പോള്‍
കണ്ണു നിറയുമ്പോള്‍
പല്ലുതേച്ചു , പ്രാര്‍ത്ഥിച്ചു കിടക്കുമ്പോള്‍
ഉറങ്ങുമ്പോള്‍
അഞ്ചു മണിക്ക് എണീക്കുമ്പോള്‍..

വീണ്ടും,
എണ്ണതേയ്ക്കുമ്പോള്‍..

ഒക്കെയും

ഒരു നിമിഷം വിടാതെ
കൂടെ ഉണ്ടായിരുന്നല്ലോ!

ഹാ..,
എന്നിട്ടും നീ ഒറ്റയ്ക്കാണെന്ന് പറഞ്ഞാല്‍!!

Friday, November 19, 2010

വിഭൂതിപോല്‍..


എത്ര ചേര്‍ന്നിരിക്കുന്നു
ആത്മാവി, ലരുമയായ്..,
'മായല്ലേ' എന്നു ഞാ, നെത്ര
അമര്‍ത്തിത്തൊട്ടാലും
മായ്ഞ്ഞു മായ്ഞ്ഞു പോവുന്ന
നീയാം ഭസ്മക്കുറി!!

Sunday, November 7, 2010

*മഴക്കത്ത്മുറ്റത്ത്
സ്വപ്‌നങ്ങള്‍
പെയ്യുന്നു.

കാറ്റുചാരുന്ന
വാതിലിനപ്പുറം
സ്വപ്‌നങ്ങള്‍
വാഗ്ദാനം ചെയ്യുന്ന
ചെറിയ
ജാലകങ്ങള്‍.

കരഞ്ഞ്,
രാത്രി പുലരുമ്പോഴേയ്ക്കും
എന്റെ സ്വപ്‌നങ്ങള്‍
തീര്‍ന്നു പൊയ്ക്കൊള്ളുമെന്ന്
ആരൊക്കെയോ
ആശ്വസിക്കുന്നുണ്ട്!

രാത്രിസ്വപ്നങ്ങള്‍
പറഞ്ഞുപേടിപ്പിക്കുന്ന
നഷ്ടങ്ങള്‍കേട്ട്
ആരോ
ജാലകങ്ങള്‍ അടച്ച്
സ്വയം
നിഷേധിയാവുന്നു.

വാക്കും കൈയ്യും
നഷ്ടപ്പെട്ട
നമുക്കുവേണ്ടി
ഈ ജാലകങ്ങള്‍
ആരാണ്
അടയാതെ കാക്കുക?!
*(2004 ലെ ഒരു മഴക്കത്ത്)

Saturday, November 6, 2010

അവിശ്വാസം


ഒരിക്കല്‍ തീണ്ടിയാല്‍
ഒരിക്കലും
പൂര്‍ണ്ണമായി
ഇറക്കാനാവാത്ത
വിഷം.

Friday, November 5, 2010

അന്ധ-വിശ്വാസം


എത്ര തിരിച്ചുപോയാലും
എത്ര അടക്കിനിര്‍ത്തിയാലും
വീണ്ടും വീണ്ടും
നിന്നിലേക്ക്‌ എന്നെ
തിരിച്ചെത്തിക്കുന്ന
അന്ധമായ
എന്റെ മാത്രം
വിശ്വാസങ്ങള്‍!

Wednesday, October 27, 2010

ladies Hostel


കക്കാനല്ല
കാണാനായാലും,
ജാലകത്തിനപ്പുറം
രാത്രി വരുന്നവനെ
കള്ളനെന്നേ വിളിക്കൂ!

Friday, October 1, 2010

അരക്ഷിതം

അകത്തു
കയറ്റാതെ നീ
പുറത്തു നിര്‍ത്തുമ്പോള്‍
പരുത്ത പുറന്തോടില്‍ ഞാ;
നുരഞ്ഞു തീരുന്നു!!

കണ്ണുദീനം വന്ന പെണ്‍കുട്ടി

ചുവന്നു കലങ്ങുമ്പോളും
വേദനിച്ചു പിടയുമ്പോളും
കണ്ണ്
പറഞ്ഞുകൊണ്ടേയിരുന്നു,
''നീ വേദനിക്കേണ്ടതില്ല;
ഞാന്‍ വേദനിക്കുന്നുണ്ടല്ലോ''!!

Thursday, September 23, 2010

വൃത്തങ്ങള്‍വരി- നിര തെറ്റാതെ
വരികളില്‍
അടുക്കിവയ്ക്കപ്പെടുന്നേയില്ല!

ചിതറലുകള്‍ക്കൊടുവില്‍
ചില ഒതുങ്ങലുകള്‍.

അവശേഷിക്കുന്ന
വിഷമ വൃത്തത്തില്‍
മരണവേഗമായ് തിരിയവേ,
കെട്ടുപൊട്ടി,
നിന്നില്‍നിന്നും

എങ്ങോട്ടായിരിക്കാം
തെറിച്ചുപോവുക!!

വരികളിലല്ലാതെ
കവിത
പോ, ലാവുന്നേയില്ല
ജീവിതം!!

Thursday, September 16, 2010

അനിശ്ചിതം


പുലരും മുന്നേ
ഉണരും മുന്നേ
സ്വപ്നങ്ങളുടെ അരികുപറ്റി
വരിക, യെന്നരികിലെന്നു
വീണ്ടും വീണ്ടും!

പേടിയാണ്..
വാക്കാലല്ല,
ഒരൊറ്റ തിരിഞ്ഞുനോക്കിനാല്‍
കണ്ടുപോയേക്കാം
ഉള്ളും
ജീവനും
ഒക്കെയും.

ദയവായ്..
വരല്ലെ, വരെല്ലെന്നരികിലെന്നു
പറഞ്ഞു പോവട്ടെ, ഞാന്‍
തിരിഞ്ഞു നോക്കാതെ!!

Tuesday, September 7, 2010

നിനക്ക്..


ഞാനാണാദ്യം
അടര്‍ന്നുപോവുന്നത് എങ്കില്‍, അന്ന്
ഉറങ്ങുംമുന്നെ
ഒന്നെന്നെ ഓര്‍ക്കണം.

അന്ന് രാത്രി
ഒരുപാട് മഴ പെയ്യണം.

രാത്രി പുലരുമ്പോള്‍
പൂക്കള്‍ വിരിയും
മഴശേഷിപ്പ്
മഞ്ഞായ്‌ പെയ്യും
ഞാന്‍ കാത്തിരിക്കാറുള്ള
മഴകള്‍
വീണ്ടും വീണ്ടും പെയ്യും.

അതിലൊരുതുള്ളി
നീ നനയണം,
നിന്റെ
കണ്‍പീലിയില്‍
എന്നെ ഒടുവിലായ്
ഏറ്റുവാങ്ങണം..

Thursday, September 2, 2010

orkut

വെറുതെ കിട്ടുവാനുണ്ട്
സൗഹൃദങ്ങള്‍!
പഴയ മുഖങ്ങള്‍
പുതിയ മനസ്സുകള്‍
എന്നിങ്ങനെ പലവിധം.

ചിരിച്ചു കാണിക്കാമിവിടെ
ഉള്ളു മുറിഞ്ഞതാണെങ്കില്‍ക്കൂടി!

നമ്മളെന്നും
ഞാനും നീയുമെന്നിങ്ങനെ,
അവിശ്വാസത്തിന്റെ
നേര്‍ത്ത വിരല്‍ കൊണ്ട്
പരസ്പരം
തൊട്ടു നോക്കിക്കൊണ്ടേയിരിക്കും.

അല്പം തിരക്കിലാണെന്ന്,
ചുവന്ന കണ്ണടച്ചുകാണിച്ച്
വീണ്ടും കാണാമെന്നൊരു
(വെറും) വാക്കിനാ, ലിപ്പോള്‍ ഞാനും
മുറിച്ചു പോരാറുണ്ടെന്‍
നിമിഷ സൗഹൃദങ്ങളെ!

ഒറ്റ

കൈ
പിടിച്ചു നീ
പുഴ കടത്തവേ
പാതി വഴിയിലായ്
ഒറ്റയാക്കുന്നുവോ?!

തൊട്ടാവാടിനിന്റെ
കിനാവിന്റെ
കനല്‍ വിരല്‍ത്തുമ്പിനാല്‍
തൊട്ടു തൊട്ടെന്നെ !!

Saturday, August 28, 2010

ജാലകക്കാഴ്ചഇതാണെന്റെ കാഴ്ച..
ഇതാണെന്റെ അതിര്..
പക്ഷെ,
ഇതൊന്നുമല്ലെന്റെ
സ്വപ്‌നങ്ങള്‍
!

Friday, August 27, 2010

വിളി
മുള്‍പ്പടര്‍പ്പുകള്‍

താണ്ടിനീ വരികെന്നു,
ചുവന്നപൂവുകള്‍
വിളിക്കയാണെന്നെ!!

Wednesday, August 25, 2010

. മറുക്.

മറുക്
തിരിച്ചറിവിനുള്ള
കറുത്ത കുത്താണ്!

തൊടുന്നതെന്തും
നേടിത്തരാന്‍
കൈവെള്ളയിലെ
പൊടിഞ്ഞുപോവാത്ത
കറുത്ത കുത്ത്.

കാണുന്നതെല്ലാം
സ്വന്തമാക്കിത്തരാന്‍
കണ്ണിലെ
പൊഴിഞ്ഞുപോവാത്ത
കറുത്ത കുത്ത്.

കീഴിലാകുന്നതെന്തും നേടിത്തരാന്‍
കാല്‍പ്പാദത്തിലെ
ഉരഞ്ഞുതീരാത്ത
കറുത്ത കുത്ത്.

ഒരു ചിരിയിലൂടെ
ഒക്കെയും സ്വന്തമാക്കുവാന്‍,
ചിരിപോലെ
ഒട്ടിച്ചുവയ്ക്കേണ്ടാത്ത
അധാരത്തിലെ
കറുത്ത കുത്ത്.

എനിക്കറിയാം,
മുഖം തരാത്ത
സൗഹൃദങ്ങളുടെ
മറുക്
കണ്ണിലാണ്.

എന്റെ
മറുക് മനസ്സിലാണ്.
നഷ്ടങ്ങളുടെ ആകാശവും
നെയ്തുകൂട്ടുന്ന സ്വപ്നങ്ങളും
എന്റെതുമാത്രമാക്കിത്തരുന്ന
മറവിയന്യമായ
കറുത്ത കുത്ത്.

ശരിയാണ്;
മറുക്
തിരിച്ചറിവിന്റെതാണ് !!

Sunday, July 25, 2010

പെണ്ണ്അരക്ഷിതത്വത്തില്‍ പെട്ടുപോയ ഒരുവളെ
വിവിധങ്ങളായ സ്നേഹങ്ങള്‍
വിളിച്ചുകൊണ്ടേയിരിക്കും.

അരകഷിതാവസ്ഥകളെല്ലാം
സങ്കടങ്ങളായ് മാത്രം
കാണുന്നവള്‍ക്ക്
ഒരു സ്നേഹത്തെയും
തള്ളിപ്പറയാനാവില്ല.

മയില്‍പ്പീലിയും
മഞ്ചാടിയും
തരാതരം വേര്‍തിരിച്ചു
സൂക്ഷിക്കുമ്പോളും,
നിന്റെ ഉമ്മകള്‍
എവിടെ ഒളിപ്പിക്കണമെന്ന്
ജീവിതമൊട്ടുക്കും
അവള്‍
വിലപിച്ചുകൊണ്ടേയിരിക്കും!

Friday, July 16, 2010

മഴപ്പാറ്റ

മഴ നനഞ്ഞ
സ്വപ്നച്ചിറകുകള്‍ നിനക്കു തന്ന്
മഴകഴിയും മുന്നേ
കഴിയണം;
അരക്ഷിതത്വത്തില്‍
ഞാനൊരു
മഴയെക്കാള്‍
തണുത്തുപോയേക്കാം.!

Thursday, July 15, 2010

മഴ..തുറന്ന
ജാലകം
പാതി ചാരി, യീ-
മഴയില്‍ ഞാനിനി
നനഞ്ഞു പോവട്ടെ..!

Monday, July 12, 2010

മഴകടക്കുന്നവര്‍


പുഴ കടക്കുംപോലെ
ചിലര്‍ മഴ കടക്കാറുണ്ട്,
കടലോളം ആഴമുള്ള മഴ!

മിന്നലിന്റെ തീച്ചുംബനതില്‍
പൊള്ളിക്കരയുന്ന ആകാശം,
ഉപ്പിന്റെ തിരകളാല്‍
ഏറ്റെടുക്കപ്പെടുമ്പോളാണ്
മഴ, പൂര്‍ണ്ണമായും കടലാവുന്നത്.

തീരെയും ആഴമില്ലാത്ത മനസ്സ്
ആഴങ്ങള്‍ മാത്രമുള്ള
കടലുകാണുമ്പോള്‍ ചോദിക്കും,
'ആഴത്തിനും പരപ്പിനുമിടയില്‍
കടലാഴങ്ങളോളം മുറിവുള്ള
ഒരു മനസ്സല്ലാതെയാരാണ്
ഇത്രയും കരഞ്ഞുപ്പുനിറയ്ക്കുക'?!

ഓര്‍മ്മകളുടെ
നിഴല്‍പ്പൊട്ടുവീണ
വഴിനടക്കുമ്പോള്‍ സൂക്ഷിക്കണം,
പാദങ്ങളെ ക്കാള്‍ വേഗത്തില്‍
മനസ്സ് മുറിയും.

മഴകടക്കുന്നവര്‍ക്ക് കൂട്ടിന്
എന്നുമൊരു തോണിയുണ്ടാവണം;
എപ്പോഴാണ് മഴ,
ആഴമുള്ള കടലാവുക എന്ന്
ആര്‍ക്കും പറയാനാവില്ല.!!

Sunday, July 11, 2010

എങ്കിലും..


പ്രണയമുണ്ടിന്നും
ഒരു വാക്കിനാല്‍
ചേര്‍ത്ത് ചുംബിച്ചും
മറുവാക്കിനാല്‍
തള്ളിപ്പറഞ്ഞു, മങ്ങനെ.

നക്ഷത്രങ്ങളെ
മരുഭൂമിയിലെ പൂക്കളെ
കാണിച്ചുതന്നുകൊണ്ടങ്ങനെ.

എങ്കിലും,
അകത്തും
പുറത്തും
മഴ കനക്കുമ്പോള്‍
മതിലിനുള്ളിലെ
മനസ്സിനാകുമോ
സ്വപ്‌നങ്ങള്‍ കാണുവാന്‍?!!

പ്രണയമാപിനിതുഴഞ്ഞു
തീരില്ല
തീരമണയില്ല

ധര്‍മ്മസങ്കടക്കടല്‍.!

കൂടെയുണ്ടെന്ന
ഒറ്റവാക്കിന്റെ ചൂടിനാല്‍
മഞ്ഞുകുന്നുകള്‍
താണ്ടി ഞാന്‍ പോകവേ..

അകം പുറം
പൊള്ളിയും
തണുത്തും
മഴക്കാലങ്ങള്‍
നനയവേ..

ഏതു പ്രണയമാപിനി കൊ;-
ണ്ടളന്നു നോക്കുന്നു നീ
വീണ്ടും വീണ്ടും?

ഏതു വാക്കിന്റെ
മുനയാല്‍
മുറിയ്ക്കുന്നു
കൂടെക്കൂടെ..

എന്നിട്ടും..
എത്ര മുള്ളു കൊണ്ടാലും
അടഞ്ഞുപോകുന്നേ ഇല്ലല്ലോ
നിന്നിലേക്കുള്ള
വഴികള്‍.!!

ഇനിയും..
ഏതു പ്രണയമാപിനി?!

Tuesday, June 22, 2010

രീതി:

അടയാളപ്പെടുത്താതിരിക്കൂ
എന്നെ നിന്‍ പ്രണയം കൊണ്ടല്ലാതെ..
ഉമ്മ വയ്ക്കാതിരിക്കൂ
പ്രാണന്റെ ചുണ്ടുകൊണ്ടല്ലാതെ..
പുണരാതിരിക്കൂ
ആത്മാവിന്‍ സ്പന്ദനം കൊണ്ടല്ലാതെ..

മഴക്കെടുതി:

മഴയ്ക്കൊടുവില്‍ ശേഷിപ്പത്
തള്ളാനോ
കൊള്ളാനോ
നിവൃത്തിയില്ലാത്ത
പ്രണയം!!

കൂട്ട്(കൃഷി) :

നിന്റേതാണ് വിത്തുകള്‍
എന്റേതാണ് നിലം
മുളയ്ക്കുന്നതെല്ലാം നിന്റെ സ്വപ്‌നങ്ങള്‍
പിഴുതുകളയുവതെന്റെ വിരലുകള്‍!

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..