Friday, November 18, 2011

സ്വപ്നങ്ങളുടെ വാതില്‍ പതിയെ ചാരി ഇറങ്ങിപ്പോവുന്നവര്‍..

പ്രണയം:
പരസ്പരം വെറുപ്പിക്കാന്‍
സാഹസപ്പെട്ടു 
നമ്മില്‍ പടര്‍ന്നേറിയ
ഒറ്റവള്ളി..

ജീവിതം:
ഇഷ്ടത്തിന്റെ ആഴങ്ങളില്‍നിന്നും
വെറുപ്പിന്റെ കരകളിലേയ്ക്കുള്ള
നമ്മുടെ
ദുരിത  യാത്രകള്‍..!

സ്വപ്‌നങ്ങള്‍:
ഉള്ളിലെ ചോലവനത്തില്‍
നിലാവിറങ്ങി
കണ്ടെടുത്ത
കുഞ്ഞുകുഞ്ഞുപൂവുകള്‍
മൊട്ടുകള്‍.
കരിഞ്ഞുപോയവ..
വിരിയാനുള്ളവ..

ഇഷ്ടം:
സഹയാത്രയില്‍,
എത്ര ഇറങ്ങിപ്പോയാലും
നിഴലായ് കൂടെവരുമ്പോള്‍
തിരികെയെത്താതെ
എങ്ങോട്ടു പോകുവാന്‍?
ദൂരത്തിന്റെ
അതിരുകളില്‍ നിന്നും
ഇനി?Tuesday, August 23, 2011

വരുന്നതാരാണ്?
ഇരുട്ടിനുള്ളിലെ
അണഞ്ഞ ദീപങ്ങള്‍
തിരഞ്ഞു വീണ്ടും വീണ്ടും
വരുന്നതാരാണ്?

Wednesday, August 10, 2011

സുഷുപ്തി
ഒതുങ്ങി
,
കണ്ണുമടച്ച് ഇരുന്നതാണ്

ഇരുട്ടിനും
വെയിലിനും
പാകപ്പെട്ടുവരുമ്പോള്‍
എന്തിനാണ് കാറ്റായ്‌
സ്വപ്നം
മുറിയ്ക്കുവാന്‍ വന്നത്?

നനച്ചു പെയ്യുന്ന മഴയും
പകര്‍ന്നുകിട്ടിയ
ചൂടുംകൊണ്ട്
ഇലയായ്
വേരായ്
തുടിച്ചു തുടങ്ങുന്നുണ്ട്
ഉള്ളിലെ ജീവന്‍

സ്വപ്നങ്ങളില്‍
പൂമ്പാറ്റകള്‍..
മഞ്ഞിന്‍ മഴവില്ല്!

പതിയെ
കണ്ണുതുറക്കുമ്പോള്‍
കടുംനിറങ്ങളുടെ
വെയില്‍ക്കനല്‍ക്കാഴ്ച്ച!

ഏകാന്തം!!

ഇനിയും പൊള്ളുവാന്‍ വയ്യ.

പൊടിയ്ക്കുന്ന വേരും
ഇലകളും
അകക്കാമ്പിലേയ്ക്ക്
തിരിച്ചെടുത്ത്,
പഴയതുപോലെ
ഉറങ്ങുവാനാവുമോ?

വിരിയാനുള്ള പൂക്കളെ
സ്വപ്നത്തില്‍ ഒളിപ്പിച്ച്,
വസന്തമേ
ദയവായി
ഉണര്‍ത്താതിരിക്കുമോ?

പറഞ്ഞുതരുമോ?
ഇലയായ്‌
ജീവന്‍റെ പച്ചപ്പുപടരുംമുന്നെ;
വേഗം..

Saturday, July 16, 2011

ഒറ്റമുറിയില്‍ ഒരാള്‍


കൂടെയുള്ളത്‌-

ജാലകക്കാഴ്ച്ച
ഒറ്റമഴ
സ്വപ്ന വര്‍ണ്ണം കടന്നുപോം കാലം
ഒളിച്ചുനോക്കി, തെന്നിമാറും മഴമുകില്‍
നിലാവിനെ
മഴയെ
മരണത്തെ
പ്രണയിക്കാന്‍ ഒറ്റയ്ക്കീ ഒരുപാടു നേരങ്ങള്‍!

പരിഭവം മാറുമ്പോള്‍ മാത്രം
'വിരല്‍ തുമ്പിലുണ്ട്‌ നീ
കിനാക്കളിലെല്ലാമുണ്ട്
ചിരിയുടെ രസച്ചരട് പൊട്ടി,
കണ്ണു നിറയുമ്പോള്‍
മഴ വില്ലിലുമുണ്ട്
എന്നാലും
അരികിലില്ല;
അരികിലുണ്ടാവില്ല നീ!
പോവൂ പോവൂ.. എനിക്കാരെയും വേണ്ട!'

ചിരിച്ചു ചിരിച്ചു
പിന്നെ നോക്കുമ്പോള്‍ കരയുന്നുണ്ടാവും
കരഞ്ഞു കരഞ്ഞു
നിനയ്ക്കാതെ ചിരിക്കുന്നുമുണ്ടാവും!

ഇടയ്ക്കിടെ തണുപ്പില്‍
വാക്കിനാല്‍ ജലരേഖകളില്‍
ഉപേക്ഷിക്കപ്പെട്ടും
ഇടയ്ക്ക് വാരിപ്പുണര്‍ന്നും!!
അറിയില്ല..
ഒറ്റയ്ക്കുള്ളത്
നീയോ ഞാനോ?!


* * *

എന്തിനായിരിക്കാം
മനുഷ്യര്‍
ജീവിതത്തിനും സ്വപ്നങ്ങള്‍ക്കും ഇടയില്‍
പിന്നീട് മതിലു കെട്ടാനായി
ഒരു
വരയിട്ടു വയ്ക്കുന്നത്?
രണ്ടു സാമ്രാജ്യങ്ങളിലേയ്ക്കും
വെവ്വേറെ വഴികള്‍ തീര്‍ക്കുന്നത്?


* * *
വരുന്നില്ല.
അപ്പൂപ്പന്‍താടിയായ്‌
പറത്തിവിടാം
കണ്ടില്ലെന്നു മണ്ണിലുപേക്ഷിച്ചാലും,
ഒരിക്കല്‍
ഒരായിരം അപ്പൂപ്പന്‍താടികളായ്
വിരിയാമല്ലോ
ഉള്ളിലെ മാവില്‍!

Wednesday, July 6, 2011

ആരായിരുന്നു?


ആരായിരുന്നു
സ്വപ്നങ്ങളില്‍ കൂട്ട് വന്നത്?

പേടിയുടെ
ഇറക്കമിറങ്ങുമ്പോള്‍
'വീഴില്ലെടാ'
എന്നൊരു വാക്കിന്റെ താങ്ങ്?

സ്വപ്നത്തിന്റെ
വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍
'ഇങ്ങു വരൂ' എന്ന ചിരി?

സങ്കടത്തിന്റെ
കടലുതാണ്ടുമ്പോള്‍
'ഞാനില്ലേ' എന്ന കണ്ണിറുക്കല്‍?

വെറുതേ ഇരിക്കുമ്പോള്‍
'ഒന്ന് ചിരിക്കൂ'
എന്ന സ്നേഹം?

അപരിചിതരുള്ള
വഴികളില്‍
കഥ പറഞ്ഞ്
'കൂടെയുണ്ടല്ലോ' എന്ന
തണുപ്പ്?

നടയിറങ്ങി
തിരിഞ്ഞുനോക്കുമ്പോള്‍
കാഴ്ച നനയുന്ന
'മടങ്ങിപ്പോരൂ വൈകാതെ'
എന്ന ഇഷ്ടം?

ആരായിരുന്നു നീ?

കാറ്റോ
കിനാവോ
വെയിലോ
മഴയോ
നിലാവോ?

തിരുത്തി മഷി പടര്‍ത്തുന്നില്ല

നിന്റെ വാക്കുകൊണ്ട്തന്നെ
അടച്ചുവയ്ക്കട്ടെ
പറയുമ്പോള്‍ മാറിപ്പോയ
വാക്കുപോലുള്ള
ജീവിതം!

Friday, June 17, 2011

ആര് ആരെയാണ് കുറ്റം പറയുന്നത്?!


സങ്കടപ്പെരുമഴക്കൂട്ടിലേയ്ക്കോമലേ..
ജന്മം മുഴുവനും ഒറ്റയാവുന്നു ഞാന്‍!

കൂടെ നീയില്ലയെങ്കില്‍,
ഉള്ളില്‍
എത്ര ചെരിഞ്ഞു പതിച്ചാലു,മിമ്മഴ
ഏറ്റുവാങ്ങില്ലൊരു മണ്‍തരി പോലുമേ!

പറയുന്നതൊക്കെയും സ്വപ്‌നങ്ങള്‍ എന്നെന്നെ
എത്രപറഞ്ഞു പഴിച്ചാലു, മില്ലെങ്കിലും

തീരില്ല തീരില്ല തീരില്ല..
സങ്കടപ്പാട്ട്!
* * *
ആര് ആരെയാണ്
കുറ്റം പറയുന്നത്?
ആരാണ് ഒക്കെയും തട്ടിമാറ്റി
ആരുമില്ലെന്ന് പറയുന്നത്‌?

Wednesday, June 8, 2011

പ്രിയ മഴക്കാലമേ!


കരയുന്നതെന്തിനെന്‍
ആഴക്കടല്‍ കണ്ണേ?
വെയിലിന്‍റെ അറ്റമായ്.
ഇനി നമുക്കെന്നും
മഴമാത്രമാവട്ടെ..
മഴമാത്രമാവട്ടെ.!

മഴയില്‍
ചിരിയൊരു ആവരണമായ്‌
കണ്ണിലണിയുക!
അതുമാത്രമല്ലോ
ലോകത്തിനു പ്രിയം!

പ്രിയ മഴക്കാലമേ!
കാര്‍മേഘങ്ങളേ
കാറ്റേ..
ഉള്ളിന്‍റെ ഉള്ളിനെ
വറ്റാതെ കാക്കണേ!

Saturday, May 14, 2011

കണ്ണാടി


മുഖം മാത്രം
കാണിച്ചു തരുന്ന
കള്ളക്കണ്ണേ..
കണ്ണോ
കാതോ
തൊട്ട പൊട്ടോ അല്ല,
പലപ്പോഴും
മനസ്സാണ് കാണേണ്ടതെന്നതിനാല്‍..
വേണ്ട വേണ്ട
കണ്ണാടീ..
ഞാന്‍ നോക്കുന്നില്ലിനി നിന്നെ!

Thursday, April 21, 2011

പെസഹാ!


പെസഹാ!

കുരിശു ചുമന്നു
മലകള്‍ കയറേണ്ടിവന്ന
ക്രിസ്തുവിനു
മൂന്നാം നാള്‍ ഉയിര്‍പ്പുണ്ടായി..

* * *
ജീവിതത്തിന്‍റെ
പെസഹാ!

കാണാന്‍ ആളില്ലാതെ,
പരസ്പരം
വിങ്ങിപ്പൊട്ടി
മല കയറിയ
ദിവസം;
ഉയിര്‍പ്പില്ലാതെ
ഒക്കെയും
കൈവിട്ടുപോയ
ഒടുവിലത്തെ
ദിവസം.

Friday, April 8, 2011

സ്വപ്നംകണ്ട് പൊട്ടിപ്പോയ കണ്ണേ..

കടല്‍ കാണുംമുന്നെ
കണ്ടുതീര്‍ത്ത
സ്വപ്നങ്ങള്‍ക്ക്
കണക്കില്ല;
ഉറക്കത്തിലും
ഉണര്‍വ്വിലും.

കടലെടുക്കുന്നതൊക്കെയും
ഓര്‍മ്മകള്‍
തിരകളില്‍
തിരികെ തരുന്നതോക്കെയും
സങ്കടങ്ങള്‍.

കടലില്‍ വീണുപോകുന്ന
നൂല്‍ പൊട്ടിയ പട്ടങ്ങളേ..
നിറങ്ങള്‍
ഉപ്പുതിന്നു ദ്രവിച്ച്
കരയില്‍
തിരികെയെത്തുമ്പോള്‍
എന്താണ് മിണ്ടുക?
സ്വപ്നങ്ങളിലെന്നപോലെ
ഉയരങ്ങളില്‍നിന്നും കണ്ട കടല്‍?
ഉല്ലസിച്ചു പറപ്പിച്ച കാറ്റ്?
പൊട്ടിച്ചെറിഞ്ഞ വേഗത?

ഉപ്പുകാറ്റില്‍ നീറി
കാത്തിരുന്നാല്‍
സങ്കടങ്ങളെ
മുറിയാതെ
തിരികെ തരുമോ
സ്വപ്നങ്ങളിലെ കടല്‍?

Wednesday, March 23, 2011

നിഴല്‍ക്കൂട്ട്

ഇടവഴി താണ്ടുമ്പോഴെല്ലാം
കൂടെ വരുന്ന നിഴലേ..
നീ എങ്ങനെയാണ് അറിയുന്നത്,
താണ്ടിവന്ന വഴികള്‍?
കാലിന്റെ തളര്‍ച്ച?
കാഴ്ചകളുടെ ആഴം?
അലച്ചിലിന്റെ മടുപ്പ്?

ഇത്ര സ്നേഹമായ്
പറയുന്നതെങ്ങനെ
സാരമില്ല, നാളെ കാണാമല്ലോ
കൂടെ കൂട്ടാമല്ലോ എന്നെല്ലാം?!

നീ കണ്ടിട്ടുണ്ടോ
കിനാവിനോടൊപ്പം ഓടുന്നവരെ?
നിനക്കറിയുമോ
തണല്‍ തേടി അലയുന്നവരെ?

പകല്‍, തിരക്കില്‍
വിസ്മരിക്കപ്പെട്ടുപോവുന്ന നിഴലേ..
നിന്നെ
നേരം വെളുക്കുവോളം
തണലായ് തിരിച്ചറിയുന്നത്
വൈകുന്നേരങ്ങളില്‍
ഇടവഴിതാണ്ടി
ഒറ്റയ്ക്ക്
തിരിച്ചുപോവുമ്പോള്‍ മാത്രമാണ്!

Tuesday, March 15, 2011

കഥപറയുന്ന കാറ്റേ..!

എത്ര തെറ്റിപ്പിരിഞ്ഞുപോയാലും
എത്ര തട്ടിത്തെറിച്ചു വീണാലും
സങ്കടങ്ങളായ്
നേര്‍ത്തു നേര്‍ത്തു നീ
പൂത്തുലയുന്ന സ്വപ്നമായ് തീരവേ..നേര്‍ത്തു
തീരുന്നതെന്തു, നിന്‍ പിന്‍വിളി?

കഥപറയുന്ന കാറ്റേ..
എന്തിനീ കാട്ടില്‍
ഇരുട്ടില്‍
എന്നെ, എന്നെ മാത്രം
ഉപേക്ഷിച്ചുപോവുന്നു നീ?

Sunday, March 13, 2011

നിശബ്ദം!

തോര്‍ന്നത്
ഒറ്റയുടെ
നിഴലിനുമേല്‍ പെയ്ത
വാക്കുകളുടെ മഴ.

പെയ്യുന്നത്
നിനയ്ക്കാത്ത മൌനം കൊണ്ട്
ഇടയില്‍ തൂവുന്ന
ചാറല്‍.

പെയ്യാനുള്ളത്
നിന്നിലേയ്ക്
വാക്കോ
വെളിച്ചമോ ഇല്ലാത്ത
നിശബ്ധത!

നീയായിരിക്കില്ല, ഞാന്‍ തന്നെയായിരിക്കും
ശബ്ദമുണ്ടാക്കുക.
എങ്കിലും,
ഞാനൊന്നു മൌനിയാകട്ടെ,
മുറിയിലകപ്പെട്ടുപോകുന്ന
എന്റെ വെളിച്ചങ്ങളില്‍..

Thursday, March 10, 2011

കമ്പിളി
നിനക്കറിയുമോ
..
എനിയ്ക്കൊരു
കമ്പിളിയുണ്ട്.


ഉണരുമ്പോള്‍

സ്വപ്നങ്ങളോടൊപ്പം
മടക്കിവയ്ക്കുന്നത്.

ഇടയ്ക്കിടെ
ഓര്‍മ്മകളോടൊപ്പം ഉണക്കി
സൂക്ഷിയ്ക്കാവുന്നത്.!

Friday, March 4, 2011

നിന്നോട്


ഒറ്റയ്ക്ക്
ഉടച്ചു വാര്‍ത്ത്
നിന്റെ കണ്ണില്‍പ്പെടാതെ
കൊണ്ടുപോവണം
എന്നെ.


കഴിച്ചോ
വെള്ളം കുടിച്ചോ
ഉറങ്ങിയോ
എന്നൊന്നും
സങ്കടപ്പെടുന്നത്
കേള്‍ക്കുവാന്‍ വയ്യ!

തിടുക്കത്തില്‍
വന്നുപോകുമ്പോള്‍
തന്നും കൊണ്ടും പോവുന്ന
സങ്കടത്തെ
താങ്ങുവാന്‍
വയ്യ! വയ്യ!!
ഇന്നു വരാതിരിക്കൂ;
എനിക്കിഷ്ടം
നാളെ വരുമെന്ന
കാത്തിരിപ്പിലെ സുഖമാണ്.
പിണങ്ങി,
എന്നുമെന്നും വിട്ടുപോയാലും
നാളെയും തിരിച്ചെത്തുന്ന സന്ധ്യേ..
നീ വന്നല്ലോ എന്നല്ല
നാളെയും വരുമല്ലോ
എന്നതാണതിലെ സുഖം!

നാളെയാകുവാന്‍
നേരമെത്രയുണ്ടെന്ന്
ഇനിയുമെത്രവട്ടം
സങ്കടപ്പെടേണ്ടിവരും
അസഹ്യമായ്‌!

വരാതിരിക്കൂ;
വന്നെങ്കില്‍
പോവാതിരിക്കൂ.

Saturday, February 19, 2011

വീട്


പുതിയ വീട്
എത്ര മെല്ലെയായിരിക്കും
ഒരു വീടായി മാറുക!

പുതിയ വീട്ടില്‍-
ആദ്യമായിക്കാണുന്ന
ഒരാളോടെന്നപോലെ
താമസക്കാരും വീടും.
കുട്ടികള്‍ മാത്രം
പതിയെ, ചുമരുകള്‍
തൊട്ടുനോക്കുമായിരിക്കും.
വെണ്മയെ ഉള്ളു, വല്ലാത്ത പരുപരുപ്പെന്നു
കുഞ്ഞു വിരല്‍ വേദനിക്കും
പതംവരാത്ത മനസ്സുള്ള മുറികളിലേയ്ക്ക്
തുറന്ന ജാലകങ്ങളിലൂടെ
വെറുതെ വെയില്‍ വന്നും പോയുമിരിക്കും

പഴയ വീടിന്റെ
ഇരുന്നിരുന്നു മിനുസമായ ഇരുത്തിയും
വാതില്‍പ്പടിയും
വീട്ടുകാര്‍ ഓര്‍ത്തുകൊണ്ടിരിക്കും.
മഴയില്‍ സ്ഥിരമായി ചോരുന്ന
വടക്ക് ഭാഗത്തെ മൂലോടും
കുട്ടികള്‍ കരിവരച്ച്
കുമ്മായമടര്‍ത്തിയ ചുമരുകളും
പത്തായം നിരക്കിയുണ്ടായ പാടും
വല്യച്ഛന്റെ ചാരുകസേര ഭാക്കിവച്ച
പൂമുഖച്ചുമരിലെ സീലും
ഉമ്മറത്തൂണില്‍ വരച്ച,
വല്യമ്മയുടെ കാച്ചെണ്ണ മിനുപ്പും..

കണ്ണാടി പതിച്ച, പൂച്ചക്കാലുള്ള ചുമരും
പുകപിടിച്ച അടുക്കളയും
അരിപ്പെട്ടിയും
അമ്മിക്കല്ലും
തണുപ്പ് തിങ്ങുന്ന കോലായും
കിണ്ടിയും..തുളസിത്തറയും..

തീരില്ല, എത്ര പറഞ്ഞാലും
ഓര്‍ത്താലും.

പുതിയ വീട്
എത്ര കാലങ്ങള്‍ കഴിഞ്ഞാലാണ്
ഒരു വീടാവുക!
അംഗീകരിക്കപ്പെടുക!

Sunday, February 13, 2011

valentine's day
ഇന്ന്
,
മെസ്സേജ് -ഫ്രീ ഇല്ലാത്തതിനാലാവാം
ഒറ്റ മെസ്സേജും വരാത്തത്. ;)

Sunday, February 6, 2011

സ്വപ്നം സ്വകാര്യം


സ്വകാര്യത സ്വപ്നം കാണുമ്പോള്‍
കണ്ണില്ലാത്ത ജാലകങ്ങള്‍
കാതില്ലാത്ത ചുമരുകള്‍
മൂന്നാമന്റെ ദൃഷ്ടിയെത്താത്ത,
നാല് ചുമരുകളുടെ ഭദ്രത.

ശീതം കാത്തുവയ്ക്കുന്ന
കുഞ്ഞു മേല്‍ക്കൂരയുടെ
പങ്കു പറ്റാനെത്തുന്നവര്‍
ചുമരുകള്‍ തുളച്ച്
സ്വകാര്യത കണ്ടു തീര്‍ക്കുന്നു.
ജാലകങ്ങള്‍ അടയാതാകുന്നു.

പലപ്പോഴും ഒറ്റമുറി എന്നത്
ഒരു മുറിവ് മാത്രമാണ്.
ഉറക്കത്തിന്റെ അരികുപറ്റി എത്തുന്ന
വെറും സ്വപ്ന-സ്വകാര്യത!

Wednesday, February 2, 2011

കിണര്‍- ചില ഉള്‍ക്കാഴ്ചകള്‍

ഉള്ളിലേയ്ക്കുള്ള കാഴ്ചകള്‍
പടവിലെ മഴപ്പച്ച
വറ്റാത്ത കണ്ണാടി ജലം
ആകാശം
നക്ഷത്രങ്ങള്‍
ചിറകുള്ള പക്ഷികള്‍

ഉള്ളില്‍നിന്നുള്ള കാഴ്ചകള്‍
അരികു ചിതറിയ ആകാശ വട്ടം
മഴയാണെങ്കിലും വെയിലാണെങ്കിലും
ഉള്ളില്‍ ഉടയാതെ കാത്ത്,
പകര്‍ന്നു കൊടുക്കുന്ന തണുപ്പ്.
കടന്നെത്തുന്ന ഒച്ചകളുടെ പ്രതിധ്വനി
എണ്ണ തീരുമ്പോള്‍ കപ്പി കരയുന്ന ഒച്ച


കാല്‍ തെറ്റി വീണുപോകുന്ന ഉറുമ്പ്
വിളഞ്ഞു വിളഞ്ഞ്
കിണറ്റില്‍ മുട്ടയിടാനെത്തുന്ന പൊന്‍മാന്‍!
മുറിയത്തില്‍ വലകെട്ടുന്ന വലിയ എട്ടുകാലി
പാറിവീണുപോവുന്ന ഇലകള്‍, അപ്പൂപ്പന്‍ താടി
അമ്മയുടെ കണ്ണു വെട്ടിച്ച് കുഞ്ഞെടുത്തെറിയുന്ന കല്ല്‌,എത്തിനോട്ടം.
ദാഹം തീരാത്തവര്‍ക്ക് ഇടയ്ക്കിടെ വെള്ളം പേറിപ്പോകുന്ന പാള
പൊട്ടിവീഴുന്ന വളക്കിലുക്കം.

ഇടയ്ക്ക്,
ആഴങ്ങളില്‍ നോക്കി സംസാരിക്കാനെത്തുന്ന പെണ്‍കുട്ടി
കണ്ണിലെ സങ്കടത്തിളക്കങ്ങള്‍
'ഠ' വട്ടമാണ് ലോകമെന്നു വിശ്വസിക്കുന്ന മീനുകള്‍

ചിറകില്ലാത്ത സ്വപ്‌നങ്ങള്‍.

ആഴങ്ങളില്‍നിന്നുമുള്ള പ്രാര്‍ത്ഥന
കിലുക്കത്തിനിടയില്‍
തേങ്ങുന്നതു കേള്‍ക്കുമ്പോള്‍
ചോന്ന വളപ്പൊട്ടിനോടൊപ്പം
ഒരിക്കലും
അവള്‍വന്നുവീഴരുതേ എന്ന പ്രാര്‍ത്ഥന!

Tuesday, February 1, 2011

ഓര്‍ത്തോര്‍ത്തു മറക്കേണ്ടുന്ന ചിലത്.

ഓര്‍ത്തോര്‍ത്തു ഞാന്‍ മറക്കുന്നു,
ഇന്നലെ കണ്ട വെയില്‍
ഉറക്കത്തില്‍ കേട്ട മഴ
ഉണരുമ്പോള്‍ കൊണ്ട മഞ്ഞ്‌..

എവിടെയായിരുന്നു നീ?
നീ മാത്രം?
നിഴല്‍പോലെ
ചെറുതായ്,
വലുതായ്
?

ആരാണിത്രയും ദൂരങ്ങള്‍ ഇടയില്‍
അളന്നും അളക്കാതെയും
തന്നുപോയത്?
ആരാണിത്രയും ഓര്‍മ്മകളെ
നിറം ചാര്‍ത്തി
നമുക്കിടയില്‍ ഉപേക്ഷിച്ചത്?

ഓര്‍ത്തോര്‍ത്തു മറക്കേണ്ടിയിരിക്കുന്നു, ഒക്കെയും.

Sunday, January 23, 2011

തടാകം


കാതങ്ങള്‍ മദിച്ചൊഴുകി,
എത്തിച്ചേരുവാന്‍
ഒരു കടലുള്ളിടത്തോളം കാലം
നദികള്‍ നദികളായ് ത്തന്നെ
ഒഴുകുമായിരിക്കും.
കരപോലും സ്വന്തമെന്നു
അഹങ്കരിക്കുമായിരിക്കും.

അടിയൊഴുക്ക് കുറഞ്ഞ്‌
സങ്കടങ്ങള്‍ സഹിച്ച്‌
മെല്ലെ, അതൊരു തടാകമാകും.
മരങ്ങളുടെ തണല്‍ പോലും
സ്വന്തമല്ലെന്ന അറിവില്‍
വീണ്ടും വീണ്ടും ചുരുങ്ങും.

തള്ളാനാവാത്ത വന്നുചേരലുകളില്‍ നിന്നും
പൊട്ടിയൊലിക്കാനാവാത്ത തടാക നീല!

സഞ്ചാരികള്‍-
പ്രണയിക്കുന്നവര്‍
കാലുകഴുകി, കാഴ്ച കാണാന്‍ വന്നു പോകുന്നവര്‍
ഏകാന്തത കടംകൊള്ളാന്‍ വരുന്നവര്‍
ഒറ്റയാകല്‍ തിരിച്ചറിഞ്ഞു മിണ്ടാതിരിക്കുന്നവര്‍
കാഴ്ച കൊണ്ടുമാത്രം തൊട്ടുനോക്കി പോകുന്നവര്‍..

കടലിലേയ്ക്ക് വഴികളില്ലാതായ നദി-
താമരപ്പൂക്കളുടെ
വര്‍ണ്ണ മേലാപ്പിനു കീഴെ
അസഹ്യത പേറുന്ന
വെറും തടാകം!

Saturday, January 22, 2011

തുന്നല്‍


തുന്നലുകള്‍ക്ക്
മറയ്കാനാവുമോ
ചില കാലങ്ങള്‍?
തുന്നല്‍ പാടുകളില്‍
മറക്കാനാവുമോ
ചില നേരങ്ങള്‍?

എങ്കിലും,
ചിലയിടങ്ങളില്‍
മടക്കിത്തന്നെ തുന്നേണ്ടതുണ്ട് ജീവിതത്തെ!

ഒളിക്കണ്ണുകള്‍
കണ്ടെടുക്കാതിരിക്കട്ടെ
കിനാവിന്റെ
ഒളിയിടങ്ങള്‍!

Followers

Blog Archive

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..