Saturday, February 19, 2011

വീട്


പുതിയ വീട്
എത്ര മെല്ലെയായിരിക്കും
ഒരു വീടായി മാറുക!

പുതിയ വീട്ടില്‍-
ആദ്യമായിക്കാണുന്ന
ഒരാളോടെന്നപോലെ
താമസക്കാരും വീടും.
കുട്ടികള്‍ മാത്രം
പതിയെ, ചുമരുകള്‍
തൊട്ടുനോക്കുമായിരിക്കും.
വെണ്മയെ ഉള്ളു, വല്ലാത്ത പരുപരുപ്പെന്നു
കുഞ്ഞു വിരല്‍ വേദനിക്കും
പതംവരാത്ത മനസ്സുള്ള മുറികളിലേയ്ക്ക്
തുറന്ന ജാലകങ്ങളിലൂടെ
വെറുതെ വെയില്‍ വന്നും പോയുമിരിക്കും

പഴയ വീടിന്റെ
ഇരുന്നിരുന്നു മിനുസമായ ഇരുത്തിയും
വാതില്‍പ്പടിയും
വീട്ടുകാര്‍ ഓര്‍ത്തുകൊണ്ടിരിക്കും.
മഴയില്‍ സ്ഥിരമായി ചോരുന്ന
വടക്ക് ഭാഗത്തെ മൂലോടും
കുട്ടികള്‍ കരിവരച്ച്
കുമ്മായമടര്‍ത്തിയ ചുമരുകളും
പത്തായം നിരക്കിയുണ്ടായ പാടും
വല്യച്ഛന്റെ ചാരുകസേര ഭാക്കിവച്ച
പൂമുഖച്ചുമരിലെ സീലും
ഉമ്മറത്തൂണില്‍ വരച്ച,
വല്യമ്മയുടെ കാച്ചെണ്ണ മിനുപ്പും..

കണ്ണാടി പതിച്ച, പൂച്ചക്കാലുള്ള ചുമരും
പുകപിടിച്ച അടുക്കളയും
അരിപ്പെട്ടിയും
അമ്മിക്കല്ലും
തണുപ്പ് തിങ്ങുന്ന കോലായും
കിണ്ടിയും..തുളസിത്തറയും..

തീരില്ല, എത്ര പറഞ്ഞാലും
ഓര്‍ത്താലും.

പുതിയ വീട്
എത്ര കാലങ്ങള്‍ കഴിഞ്ഞാലാണ്
ഒരു വീടാവുക!
അംഗീകരിക്കപ്പെടുക!

Sunday, February 13, 2011

valentine's day
ഇന്ന്
,
മെസ്സേജ് -ഫ്രീ ഇല്ലാത്തതിനാലാവാം
ഒറ്റ മെസ്സേജും വരാത്തത്. ;)

Sunday, February 6, 2011

സ്വപ്നം സ്വകാര്യം


സ്വകാര്യത സ്വപ്നം കാണുമ്പോള്‍
കണ്ണില്ലാത്ത ജാലകങ്ങള്‍
കാതില്ലാത്ത ചുമരുകള്‍
മൂന്നാമന്റെ ദൃഷ്ടിയെത്താത്ത,
നാല് ചുമരുകളുടെ ഭദ്രത.

ശീതം കാത്തുവയ്ക്കുന്ന
കുഞ്ഞു മേല്‍ക്കൂരയുടെ
പങ്കു പറ്റാനെത്തുന്നവര്‍
ചുമരുകള്‍ തുളച്ച്
സ്വകാര്യത കണ്ടു തീര്‍ക്കുന്നു.
ജാലകങ്ങള്‍ അടയാതാകുന്നു.

പലപ്പോഴും ഒറ്റമുറി എന്നത്
ഒരു മുറിവ് മാത്രമാണ്.
ഉറക്കത്തിന്റെ അരികുപറ്റി എത്തുന്ന
വെറും സ്വപ്ന-സ്വകാര്യത!

Wednesday, February 2, 2011

കിണര്‍- ചില ഉള്‍ക്കാഴ്ചകള്‍

ഉള്ളിലേയ്ക്കുള്ള കാഴ്ചകള്‍
പടവിലെ മഴപ്പച്ച
വറ്റാത്ത കണ്ണാടി ജലം
ആകാശം
നക്ഷത്രങ്ങള്‍
ചിറകുള്ള പക്ഷികള്‍

ഉള്ളില്‍നിന്നുള്ള കാഴ്ചകള്‍
അരികു ചിതറിയ ആകാശ വട്ടം
മഴയാണെങ്കിലും വെയിലാണെങ്കിലും
ഉള്ളില്‍ ഉടയാതെ കാത്ത്,
പകര്‍ന്നു കൊടുക്കുന്ന തണുപ്പ്.
കടന്നെത്തുന്ന ഒച്ചകളുടെ പ്രതിധ്വനി
എണ്ണ തീരുമ്പോള്‍ കപ്പി കരയുന്ന ഒച്ച


കാല്‍ തെറ്റി വീണുപോകുന്ന ഉറുമ്പ്
വിളഞ്ഞു വിളഞ്ഞ്
കിണറ്റില്‍ മുട്ടയിടാനെത്തുന്ന പൊന്‍മാന്‍!
മുറിയത്തില്‍ വലകെട്ടുന്ന വലിയ എട്ടുകാലി
പാറിവീണുപോവുന്ന ഇലകള്‍, അപ്പൂപ്പന്‍ താടി
അമ്മയുടെ കണ്ണു വെട്ടിച്ച് കുഞ്ഞെടുത്തെറിയുന്ന കല്ല്‌,എത്തിനോട്ടം.
ദാഹം തീരാത്തവര്‍ക്ക് ഇടയ്ക്കിടെ വെള്ളം പേറിപ്പോകുന്ന പാള
പൊട്ടിവീഴുന്ന വളക്കിലുക്കം.

ഇടയ്ക്ക്,
ആഴങ്ങളില്‍ നോക്കി സംസാരിക്കാനെത്തുന്ന പെണ്‍കുട്ടി
കണ്ണിലെ സങ്കടത്തിളക്കങ്ങള്‍
'ഠ' വട്ടമാണ് ലോകമെന്നു വിശ്വസിക്കുന്ന മീനുകള്‍

ചിറകില്ലാത്ത സ്വപ്‌നങ്ങള്‍.

ആഴങ്ങളില്‍നിന്നുമുള്ള പ്രാര്‍ത്ഥന
കിലുക്കത്തിനിടയില്‍
തേങ്ങുന്നതു കേള്‍ക്കുമ്പോള്‍
ചോന്ന വളപ്പൊട്ടിനോടൊപ്പം
ഒരിക്കലും
അവള്‍വന്നുവീഴരുതേ എന്ന പ്രാര്‍ത്ഥന!

Tuesday, February 1, 2011

ഓര്‍ത്തോര്‍ത്തു മറക്കേണ്ടുന്ന ചിലത്.

ഓര്‍ത്തോര്‍ത്തു ഞാന്‍ മറക്കുന്നു,
ഇന്നലെ കണ്ട വെയില്‍
ഉറക്കത്തില്‍ കേട്ട മഴ
ഉണരുമ്പോള്‍ കൊണ്ട മഞ്ഞ്‌..

എവിടെയായിരുന്നു നീ?
നീ മാത്രം?
നിഴല്‍പോലെ
ചെറുതായ്,
വലുതായ്
?

ആരാണിത്രയും ദൂരങ്ങള്‍ ഇടയില്‍
അളന്നും അളക്കാതെയും
തന്നുപോയത്?
ആരാണിത്രയും ഓര്‍മ്മകളെ
നിറം ചാര്‍ത്തി
നമുക്കിടയില്‍ ഉപേക്ഷിച്ചത്?

ഓര്‍ത്തോര്‍ത്തു മറക്കേണ്ടിയിരിക്കുന്നു, ഒക്കെയും.

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..