Saturday, February 19, 2011

വീട്


പുതിയ വീട്
എത്ര മെല്ലെയായിരിക്കും
ഒരു വീടായി മാറുക!

പുതിയ വീട്ടില്‍-
ആദ്യമായിക്കാണുന്ന
ഒരാളോടെന്നപോലെ
താമസക്കാരും വീടും.
കുട്ടികള്‍ മാത്രം
പതിയെ, ചുമരുകള്‍
തൊട്ടുനോക്കുമായിരിക്കും.
വെണ്മയെ ഉള്ളു, വല്ലാത്ത പരുപരുപ്പെന്നു
കുഞ്ഞു വിരല്‍ വേദനിക്കും
പതംവരാത്ത മനസ്സുള്ള മുറികളിലേയ്ക്ക്
തുറന്ന ജാലകങ്ങളിലൂടെ
വെറുതെ വെയില്‍ വന്നും പോയുമിരിക്കും

പഴയ വീടിന്റെ
ഇരുന്നിരുന്നു മിനുസമായ ഇരുത്തിയും
വാതില്‍പ്പടിയും
വീട്ടുകാര്‍ ഓര്‍ത്തുകൊണ്ടിരിക്കും.
മഴയില്‍ സ്ഥിരമായി ചോരുന്ന
വടക്ക് ഭാഗത്തെ മൂലോടും
കുട്ടികള്‍ കരിവരച്ച്
കുമ്മായമടര്‍ത്തിയ ചുമരുകളും
പത്തായം നിരക്കിയുണ്ടായ പാടും
വല്യച്ഛന്റെ ചാരുകസേര ഭാക്കിവച്ച
പൂമുഖച്ചുമരിലെ സീലും
ഉമ്മറത്തൂണില്‍ വരച്ച,
വല്യമ്മയുടെ കാച്ചെണ്ണ മിനുപ്പും..

കണ്ണാടി പതിച്ച, പൂച്ചക്കാലുള്ള ചുമരും
പുകപിടിച്ച അടുക്കളയും
അരിപ്പെട്ടിയും
അമ്മിക്കല്ലും
തണുപ്പ് തിങ്ങുന്ന കോലായും
കിണ്ടിയും..തുളസിത്തറയും..

തീരില്ല, എത്ര പറഞ്ഞാലും
ഓര്‍ത്താലും.

പുതിയ വീട്
എത്ര കാലങ്ങള്‍ കഴിഞ്ഞാലാണ്
ഒരു വീടാവുക!
അംഗീകരിക്കപ്പെടുക!

4 comments:

  1. പുതിയ വീട് വീടാവുമ്പോഴേക്കും പഴയതായിരിക്കും.
    അന്നേരം ഒരു പുതിയ വീടിന്റെ പെയിന്റ് മണത്തില്‍
    ഓര്‍ത്തെടുക്കാനാവും ഇപ്പഴയ വീടിന്‍ നിറവും മണവും.

    ReplyDelete
  2. തീരില്ല, എത്ര പറഞ്ഞാലും
    ഓര്‍ത്താലും.

    അംഗീകരിക്കപ്പെടും വരെ

    ReplyDelete
  3. നല്ല കവിത........ഒരു വീടിനു അംഗീകാരം വേണോ? വേണ്ടന്നാനെനിക്കു തൊന്നുന്നത്

    ReplyDelete
  4. നല്ല സുന്ദരന്‍ കവിത.. ഗൃഹാതുരചിന്തകളുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി.. അവസാനവരി ഒരു അധികപ്പറ്റ് പോലെ തോന്നി.. പക്ഷേ കവിത കവിതയാണ്‍!

    ReplyDelete

Followers

About Me

My photo
പാതിയില്‍ മുറിഞ്ഞു മിടിക്കുന്ന ഇന്നലത്തെ സ്വപ്‌നങ്ങള്‍..